മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ ദൈവാലയത്തിൻ്റെ സപ്ത രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച നടക്കും
03 May 2025
ഒരു വർഷം നീണ്ടുനിന്ന മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ സഭയുടെ സപ്ത രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബിഷപ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സ്തോത്രം ആരാധനക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ ഏഴ് സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനവും നടക്കും. 175 വർഷങ്ങൾക്കു മുമ്പ് റവ ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ച ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ വിവിധ മേഖലകളിൽ വലിയ പരിവർത്തനത്തെ ലക്ഷ്യമിട്ടുകൊണ്ട് ഒന്നര കോടിയുടെ ബൃഹത് പദ്ധതികളാണ് ഈ കാലയളവിൽ നടപ്പാക്കിയത്.
ഇടവക വികാരി റവ.ജോൺ ഐസക് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, പദ്ധതിയുടെ ഭാഗമായി സ്ഥലം വാങ്ങി ഭവന നിർമ്മാണം പൂർത്തീകരിച്ച ഏഴ് ഭവനങ്ങളുടെ താക്കോൽ ദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഹരിത അവാർഡ് ദാനം ആന്റോ ആന്റണി എംപി, വികസന ഫണ്ട് വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ നിർവഹിക്കും.
തിരുവല്ല വൈദിക ജില്ലയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്നുവീണ അരയപുരം ദേവാലയത്തിന് കൈത്താങ്ങ് നൽകിക്കൊണ്ടായിരുന്നു ജൂബിലി ആഘോഷങ്ങളുടെ തുടക്കം. ചരിത്ര മ്യൂസിയം, സ്മാരകം, സ്മരണിക, ചരിത്ര വഴികളിലൂടെ യാത്ര, പോസ്റ്റൽ സ്റ്റാമ്പ്, പാലിയേറ്റീവ് കെയർ, കലാ സാംസ്കാരിക പദ്ധതികൾ, വിവാഹ ധനസഹായം, വൈദ്യ സഹായം, കരുതൽ സഹായം, വിദ്യാഭ്യാസ സഹായം, പരിസ്ഥിതി സംരക്ഷണം, ഫലവൃക്ഷത്തോട്ടം, സൗരോർജ പദ്ധതി, പരിസ്ഥിതി അവാർഡ്, ജൂബിലി കൺവൻഷൻ, ആരാധന ഗീതം പ്രസിദ്ധീകരിക്കൽ, മിഷനറി സമ്മേളനം, ഫീൽഡ് സന്ദർശനം, മിഷൻ വീട് പുനരുദ്ധാരണം, മൂന്ന് സ്കൂളുകളുടെ ഭൗതിക വികസനം തുടങ്ങി ചരിത്രം, സാമൂഹികം, സാമ്പത്തികം, മിഷൻ ആൻഡ് ഇവാഞ്ചലിസം, പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളിലാണ് പദ്ധതികൾ പ്രധാനമായും നടപ്പാക്കിയത്. സപ്ത രജത ജൂബിലി ആർച്ച് ഗേറ്റ്, ദേവാലയം നവീകരണം എനിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
സപ്ത രജത ജൂബിലി കമ്മിറ്റി ചെയർമാനും ഇടവക വികാരിയുമായ റവ.ജോൺ ഐസക്, ജനറൽ കൺവീനർ ബോബിന മാത്യു, ജൂബിലി സെക്രട്ടറി ആശ ബിനു പ്രോജക്ട് കൺവീനർ മാരായ ജേക്കബ് പി. ജോൺ , രാജീവ് അലക്സാണ്ടർ കൊക്കോട്ടം മാത്യു കോശി , പി.കെ ജോൺസൺ, അഡ്വ 'മാത്യു ജേക്കബ് ,ജെ. ജോൺ , ജോർജ് തോമസ് എന്നിവർ കൂടാതെ ഒരു വലിയ സംഘത്തിൻറെ ശ്രമകരമായ പരിശ്രമമാണ് പൂർണ്ണമാകുന്നത്.